ചേരമർ കേരളത്തിന്‍റെ സ്വന്തം

ദക്ഷിണേന്ത്യയില്‍ കേരളം, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ അടിസ്ഥാന വർഗ്ഗത്തിൽ പെട്ട ഒരു പ്രധാന സമുദായമാണ് ചേരമർ. കേരളത്തിൽ അടുത്ത കാലം വരെ ഭരണം നടത്തിയിരുന്നവർ ആണ് ദ്രാവിഡരായ ചേരമര്‍. സംഘ കാലചരിത്രം പരിശോധിക്കുമ്പോൾ, സമത്വ സുന്ദരമായ ഒരു കാലഘട്ടം ചേര രാജാക്കന്മാർ ഭരിച്ചിരുന്ന കാലം ആയിരുന്നു എന്ന് മനസിലാക്കാം. എല്ലാവരും സഹോദരങ്ങൾ എന്ന പോലെ വാണിരുന്ന കാലം. ചേര ഭരണത്തിൻ കീഴിൽ അയിത്തമോ അനാചാരമോ ഉച്ച നീചത്വമോ ഒന്നും ഇല്ലായിരുന്നു. ചേര രാജാക്കന്മാർ ധർമിഷ്ടരും, സൽസ്വഭാവികളും സ്വന്തം പ്രജകളെ സ്നേഹിച്ചിരുന്നവരും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രയത്‌നിച്ചിരുന്നവരും ആയിരുന്നു. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു അത്.
പുകള്‍പെറ്റ ചേര സാമ്രാജ്യം ഭരിച്ചിരുന്ന ചേരരാജാക്കൻമാരുടെ പിൻതലമുറക്കാരാണു ചേരമർ. ബ്രിട്ടീഷ് മലബാറിൽ കലക്ടറും തിരുവിതാംകൂർ, കൊച്ചി, എന്നീ രാജ്യങ്ങളിൽ റസിഡന്റുമായിരുന്ന ഡബ്ലിയു ലോഗൻ ആദിമ ജനതയുടെ നാമം ചേരമർ എന്നാണെന്നു മലബാർ ഡിസ്ട്രിക്ട് മാനുവൽ 578 ആം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും കേരളീയർ ഓണം ആഘോഷിക്കുന്നതിലൂടെ ചേര മഹാ രാജ്യത്തിന്‍റെ മഹിമയെ ഓർക്കുന്നു.
ഗ്രീക്ക് ചരിത്രകാരനായ മെഗസ്തനീസ്, ഡബ്ലിയു ലോഗൻ എന്നിവർ എഴുതിയ അവരുടെ യാത്രാ വിവരണ പുസ്തകത്തിൽ ചേരമന്മാരുടെ വികാസ പരിണാമമാണ് യഥാർഥ ചരിത്രമെന്നും ഈ രാജ്യത്ത് ചേരമർ എന്ന ഒരു ജാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവരിൽ നിന്നുമാണ് വിവിധ ജാതികൾ ആവിർഭവിച്ച തെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ സമുദായക്കാരുടെ പൂർവ്വീകർ ചേരമർരാണെന്ന് തിരുവനന്തപുരം സെൻറർ ബയോടെക്നോളജി നടത്തിയ റിസെർച്ചിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. സംസ്ക്കാര സമ്പന്നരും, വിദ്യാഭ്യാസത്തിൽ ഔന്നിത്യം പ്രാപിച്ചവരും, ഭരണ സാമർഥ്യം ഉള്ളവരുമായ ചേരമർ കേരളത്തിന്‍റെ കീർത്തി ലോകമെങ്ങും എത്തിച്ചു. കേരളത്തിന്‍റെ തനതായ ആയുർവേദവും, കളരിപ്പയറ്റും, യോഗയും ദ്രാവിഡ ഗോത്ര ജനമായ ചേരമരുടെ സംഭാവനകളാണ്.
ദ്രാവിഡരായ ചേരമരുടെ പിൻഗാമികളാണ് കേരളീയരിൽ സിംഹഭാഗവും. പിന്നീട് പല ജാതികളായി അറിയപ്പെട്ടതും അവർ തന്നെയാണ്. കേരളത്തിലെ ആദിമ നിവാസികളായിരുന്നു ചേരമർ എന്നതിനു തെളിവുകൾ ഏറെ ഉണ്ട്. ദക്ഷിണയിന്ത്യയീലെ പ്രാചീനരായ ജനങ്ങൾ സംഘടിച്ച് തിണകൾ എന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശങ്ങളിൽ താമസിച്ചിരുന്നു. താമസിക്കുന്ന പ്രദേശത്തിന്‍റെ അല്ലെങ്കിൽ മുഖ്യ തൊഴിലിന്‍റെ അടിസ്ഥാനത്തിലാണ് അവർ അറിയപ്പെട്ടിരുന്നത്. അന്ന് ജാതി വ്യവസ്ഥ ഉണ്ടായിരുന്നില്ല. സംഘം കൃതികളിൽ നിന്നാണ് നമുക്ക് ഇതിനെക്കുറിച്ചുള്ള തെളിവുകൾ ലഭിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലുൾപ്പെട്ട ഭൂഭാഗങ്ങളിൽ ജാതി വ്യത്യാസം നിലവിലില്ലായിരുന്നുവെന്നതിന് ഉത്തമ നിദർശനമാണ് ആക്കുളം കായലിന്‍റെ പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന ചേരമർരാജവംശം. 'കണ്ടങ്ങൾ' (ഇന്നത്തെ പുത്തരിക്കണ്ടം ഉൾപ്പെടെ) കരമൊഴിവായി 'പെരുമാട്ടി' എന്ന ചേരമർ വനിതയ്ക്കു നല്കപ്പെട്ടുവെന്നും രാജകൊട്ടാരങ്ങളിലേക്കു ആവശ്യാനുസരണം കുത്തരി എത്തിക്കുന്നതിനുള്ള ചുമതല ഇവർക്കായിരുന്നുവെന്നും ഇവരുടെ വംശജർ ചേരമർനാർകോട്ട ആസ്ഥാനമാക്കി ഭരണം ആരംഭിച്ചുവെന്നും കാണുന്നു. ഈ രാജവംശത്തിന്‍റെ അധികാരപരിധി എത്രത്തോളമുണ്ടായിരുന്നുവെന്ന് നിർണയിക്കപ്പെട്ടിട്ടില്ല. 16-ം ശതകത്തിന്‍റെ മധ്യകാലത്തോളമെങ്കിലും ഈ രാജവംശം നിലനിന്നിരിക്കണമെന്ന് അനുമാനിക്കാൻ പോന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതേ വംശത്തിൽപ്പെട്ട വേറൊരു ചേരമർരാജവംശം കൊക്കോതമംഗലം (നെടുമങ്ങാട്) കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നുവെന്നും ആറ്റിങ്ങൽ നിന്നുള്ള ശൂദ്രരുടെ ചതിപ്രയോഗത്തിലൂടെയുള്ള ആക്രമണത്തിൽ ഈ വംശത്തിലെ അവസാനത്തെ രാജ്ഞിക്കും മകൾക്കും ജീവാപായം നേരിട്ടതോടെ രാജകുടുംബം അന്യം നിന്നു പോയെന്നും ചരിത്രം സൂചിപ്പിക്കുന്നു.
പിൽക്കാലത്തു കുടിയേറി പാർത്ത ചിലർ ചേര രാജാവിനെ ചതിച്ചു രാജ്യം കൈക്കലാക്കി. തുടർന്ന് ഇക്കൂട്ടർ സമൂഹത്തിൽ ഉച്ചനീചത്വത്തിന്‍റെ വേരുകൾ പാകി. ഭരണം കൈയിലായതോടെ ഇവർ അയിത്തം എന്ന കൊടും ക്രൂരത്വം ഊട്ടി ഉറപ്പിച്ചുകൊണ്ടു രാജ്യത്തിന്‍റെ അടിത്തറ ഇളക്കിയെറിഞ്ഞു കേരളത്തിന്‍റെ സംസ്കാരത്തെ നശിപ്പിച്ചു. തുടർന്ന് വസ്തു വകകളും, സമ്പത്തും കവർന്നെടുത്ത ഇവർ ഈ മണ്ണിന്‍റെ മക്കളെ വഴി നടക്കുവാനോ, പഠനം നടത്തുവാനോ, പൊതുവഴി, പൊതുകിണര്‍ എന്നിവ ഉപയോഗിക്കുവാനോ സമ്മതിക്കാതെ ഈ രാജ്യത്തെ തകർത്തെറിഞ്ഞു. ഇതിന്‍റെ അലയൊലികൾ ഇന്നും ഒരു സത്യമായി മായാതെ നിൽക്കുന്നു.